കടമക്കുടി

പ്രകൃതിയുടെ സമസ്തസൗന്ദര്യവും വാരിപ്പുതയ്ക്കുകയാണ് കടമക്കുടി.ഋതുക്കൾക്കനുസരിച്ച് പൊക്കാളിയും ചെമ്മീനും വിളയുന്ന കടമക്കുടിയുടെ കായൽമാറിലൂടെ പോയിവരാം.



കടമക്കുടിയിലേക്ക് കടക്കുമ്പോൾ അതുവരെ കണ്ട നഗരക്കാഴ്ചകളിൽ
നിന്നും വ്യത്യസ്തമായ ദൃശ്യങ്ങളിലേക്കാണ് പ്രകൃതി നിങ്ങളെ എടുത്തെറിയുക.

റോഡിനിരുവശവും പ്രശാന്തമായ ജലപ്പരപ്പുകളാണ്. അതിൽ അങ്ങിങ്ങായി ചേറിൽ നിന്നും കുത്തിപ്പൊക്കിയുണ്ടാക്കിയ ബണ്ടുകൾ...ബണ്ടുകളിൽ നിരനിരയായി നിൽക്കുന്ന തെങ്ങുകൾ,
വെള്ളത്തിൽ അവയുടെ നീണ്ട നിഴലുകൾ, മീൻ പിടിക്കാൻ കെട്ടിയുണ്ടാക്കിയ ചീനവലകൾ, പുഴയിലൂടെ ധൃതിയിൽ പോവുന്ന യന്ത്ര
തുഴ ഘടിപ്പിച്ച തോണികൾ...
ആകെക്കൂടി കടമക്കുടി ഒരു പ്രത്യേക അഴകാണ്. കൊച്ചി നഗരത്തിൽ ഏതാണ്ട് 16 കിലോമീറ്റർ അകലെയായി വരാപ്പുഴക്കടുത്തുള്ള കായലോര തുരുത്തുകളുടെ ഒരു കൂട്ടമാണ് കടമക്കുടി. പ്രകൃതി ആകാശത്തിന് നിറങ്ങൾ ചാർത്തുന്ന പുലരികളിലോ
വൈകുന്നേങ്ങളിലോ ആണ് കടമക്കുടി സന്ദർശിക്കാൻ പറ്റിയ സമയം. സായാഹ്നങ്ങളിൽ റോഡരികിലെ കുഞ്ഞു കടകളെല്ലാം സഞ്ചാരികൾക്കുവേണ്ടി തുറക്കും.
ഇപ്പോൾ ധാരാളം പേർ വൈകുന്നേരങ്ങൾ ആസ്വദിക്കാനായി കടമക്കുടിലേക്ക് വരുന്നുണ്ട്. അല്ലെങ്കിലും ഗ്രാമത്തിന്റെ ഭംഗി ഒരിക്കലും ആസ്വദിച്ചു തീർക്കാൻ പറ്റുന്ന ഒന്നല്ലല്ലോ!

സൂര്യൻ ഉദിച്ചുവരുന്നതേയുള്ളൂ. റോഡരികിലെ നടപ്പാതയിൽ കായലിനഭിമുഖമായി ഇരുന്നാൽ ദൂരെ
കിഴക്കൻ ചക്രവാളത്തിൽ ആകാശത്തിന് മഞ്ഞനിറം പിടിച്ചുവരുന്നത് കാണാം. ആകാശവും ഭൂമിയും ചേരുന്നിടത്തെല്ലാം നേർത്ത
മൂടൽമഞ്ഞാണ്. ഇളം തണുപ്പും പല അകലങ്ങളിൽ നിന്നും കേൾക്കുന്ന നാനാതരം  പക്ഷികളുടെ പാട്ടുകളും,
നിങ്ങളെ മറ്റൊരു ലോകത്തേക്കെത്തിക്കും. മാനത്തുകണ്ണികൾ നിങ്ങൾ പോയോ എന്നറിയാൻ ജലപ്പരപ്പുകളിൽ
വന്ന് ഇടയ്ക്കിടെ എത്തി
നോക്കുന്നുണ്ടായിരിക്കും.

പുലരിക്കാഴ്ചകൾ

പ്രഭാതസവാരിക്കാർ നടത്തം തുടങ്ങിയിട്ടുണ്ട്. അധികം ചെളിപുരളാത്ത വാക്കിങ് ഷൂകളും വിലകൂടിയ ട്രാക് സ്യൂട്ടുകളും ധരിച്ചെത്തുന്ന നഗരവാസികൾക്ക് 
അവരുടെ ജീവിതം പോലെതന്നെ അല്പം
വേഗം കൂടുതലാണെന്ന് തോന്നുന്നു. പരസ്പരം തമാശകൾ പറഞ്ഞ് ചിരിച്ചു
കൊണ്ടു വരുന്ന തദ്ദേശീയരായ രണ്ടുപേർ ഞങ്ങളോട് കുശലം പറയാനെത്തി. പുതിയ കടമക്കുടിയെപ്പറ്റി പറയുമ്പോൾ പഴയ കടമകുടിയെപ്പറ്റിക്കൂടി പറയണം
എന്നാണ് ഈ പുതുതലമുറക്കാരുടെ അഭിപ്രായം. ഇവിടം നല്ല 'വൈബുള്ള'
സ്ഥലമാണെങ്കിലും കുറച്ചു കാലം മുമ്പ് വരെ ഇങ്ങോട്ടേക്കുള്ള യാത്ര ബുദ്ധിമുട്ടായിരുന്നത്രേ. ഏറെക്കുറേ
'വന്നാക്കുടുങ്ങി' എന്ന നിലയിലായിരുന്നു കാര്യങ്ങൾ.
ജലമാർഗ്ഗമായിരുന്നു നഗരവുമായുള്ള ബന്ധം. ഇപ്പോൾ റോഡുകളും പാലങ്ങളും വന്നതിന് ശേഷമാണ് കടമക്കുടിയിലേക്ക് ആളുകൾ
കൂടുതലായി വരാൻ തുടങ്ങിയത്.

സംസാരിച്ചു നിൽക്കുമ്പോഴാണ് കടമക്കുടിയിലെ ഒരു മുതിർന്ന പൗരൻ
ഞങ്ങൾക്കൊപ്പം ചേർന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച  മണിച്ചേട്ടൻ. ആളും പ്രഭാതസവാരിയിലാണ്. കടമക്കുടിയിലെ കാർഷിക ജീവിതത്തെപ്പറ്റി കൗതുകകരമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്, ജലത്താൽ ചുറ്റപ്പെട്ട സ്ഥലമായതുകൊണ്ടുതന്നെ ജലവുമായി ബന്ധപ്പെട്ടായിരുന്നു
കടമക്കുടിയിലെ ജീവിതം. മഴക്കാലത്ത്, ചുറ്റുപാടുമുള്ളവെള്ളത്തിന് ഉപ്പുരസം കുറഞ്ഞുവരും. (ജൂൺ മുതൽ
സെപ്റ്റംബർ അവസാനം
വരെ) ഈ സമയത്താണ് ഇവിടെ പൊക്കാളി കൃഷി നടത്തുന്നത്. പൊക്കാളി ഉപ്പുരസമുള്ള നിലത്ത് ഉണ്ടാവുന്ന ഒരിനം നെല്ലിനമാണ്.
കീടനാശിനികളൊന്നും പ്രയോഗിക്കാതെ ഉണ്ടാക്കുന്ന ഈ നെല്ലിന്റെ അരി കൂടുതൽ പോഷക ഗുണങ്ങളുള്ളതാണ്. മഴക്കാലത്തിനു ശേഷം ശുദ്ധജലം കുറയുകയും
ഉപ്പുവെള്ളം കൂടുതലായി ഇവിടേക്ക് വരികയും ചെയ്യും. (നവംബർ മുതൽ
വേനൽക്കാലത്തിന്റെ അവ
സാനം വരെയുള്ള കാലം) ഇക്കാലത്ത് ഈ പൊക്കാളിപ്പാടങ്ങളൊക്കെത്തന്നെ
ചെമ്മീൻ പാടങ്ങളായി മാറും. ചെമ്മീൻ കൃഷി കഴിയുന്ന സമയത്ത് ഉണ്ടാവുന്ന
അവശിഷ്ടങ്ങളാണ് അടുത്ത പൊക്കാളി കൃഷിക്ക് വളമായി വരുന്നത്. പ്രകൃതിയും ഋതുക്കളും മനുഷ്യനും
ചേർന്നുള്ളൊരു കൊടുക്കൽ വാങ്ങൽ.

നവംബർ ആയതുകാരണം അടുത്ത ചെമ്മീൻ കൃഷി സീസൺ തുടങ്ങുകയാണ്. നിലങ്ങളെല്ലാം ബണ്ടുകൾ കെട്ടി തിരിച്ചിട്ടുണ്ട്. വെള്ളം
പുറത്തേക്കു വിടാനായുള്ള
'ചീപ്പുചാലുകൾ' സജ്ജമായി ക്കഴിഞ്ഞിരിക്കുന്നു. ബണ്ടിലൂടെ നടന്നപ്പോൾ പൊക്കാളികൃഷിയുടെ
കാലം കഴിഞ്ഞതറിയാതെ സങ്കടത്തോടെ തലകുനിച്ചു നിൽക്കുന്ന ഒരു നെൽച്ചെടി കണ്ടു. താഴേക്ക് തൂങ്ങിനിൽക്കുന്ന അതിന്റെ കതിരിൽ
നിന്നും ഒരു നെന്മണി പൊളിച്ച് വായിലിട്ടു നോക്കി. അരിയായി ഉറയ്ക്കുന്നതിനു മുൻപുള്ള മധുരം പതിയെ നാവിലും മനസ്സിലും പരന്നു.
 കഴിഞ്ഞ മഴക്കാലത്തെ ഓർമിപ്പിച്ചുകൊണ്ട്.

Comments

Popular posts from this blog

എവിടെയാണ് നമുക്ക് തെറ്റുന്നത്?